പടിയൂര്‍: യാത്രാക്ലേശം പരിഹരിക്കുന്നതിനായി മുരിയാട് മോഡലില്‍ പടിയൂര്‍ പഞ്ചായത്തിലും കെഎസ്ആര്‍ടിസി ഗ്രാമവണ്ടി സര്‍വീസ് ആരംഭിക്കണമെന്ന് ആവശ്യം.
പഞ്ചായത്തില്‍ പൊതുഗതാഗത സൗകര്യങ്ങള്‍ കുറവായതിനാല്‍ വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍, രോഗികള്‍, പ്രായമായവര്‍ എന്നിവര്‍ ദൈനംദിന യാത്രകള്‍ക്ക് വളരെയധികം ബുദ്ധിമുട്ട് നേരിടുകയാണെന്ന് പഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗങ്ങളായ ടി.ഡി. ദശോബ്, ബീന ജെയിംസ്, ഹാജിറ റഷീദ് എന്നിവര്‍ പറഞ്ഞു. ഭൂരിഭാഗം സാധാരണക്കാരായ ജനങ്ങള്‍ താമസിക്കുന്ന പഞ്ചായത്താണ് പടിയൂര്‍. ബസുകള്‍ കുറവായതിനാല്‍ ഓട്ടോറിക്ഷകളിലും മറ്റു സ്വകാര്യ വാഹനങ്ങളിലും അമിതതുകനല്കി യാത്രചെയ്യേണ്ട അവസ്ഥയിലാണ് ജനം. ഇത് സാധാരണക്കാര്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തിവയ്ക്കുന്നത്. സംസ്ഥാന സര്‍ക്കാരും കെഎസ്ആര്‍ടിസിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായിചേര്‍ന്ന് നടപ്പിലാക്കുന്ന ഗ്രാമവണ്ടി സര്‍വീസ് പദ്ധതി പടിയൂര്‍ പഞ്ചായത്തിലും നടപ്പാക്കിയാല്‍ സാധാരണ ജനങ്ങളുടെ യാത്രാക്ലേശത്തിന് ശാശ്വതപരിഹാരം കാണാന്‍ സാധിക്കും.
ഇതുസംബന്ധിച്ച പ്രമേയം പഞ്ചായത്ത് ഭരണസമിതിയില്‍ അവതരിപ്പിച്ച് കെഎസ്ആര്‍ടിസി അധികൃതര്‍ക്ക് ശുപാര്ശനല്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. കണ്ണന്, സെക്രട്ടറി പി.വി. ഷാബു എന്നിവര്‍ക്ക് കോണ്‍ഗ്രസ് അംഗങ്ങള്‍ നിവേദനംനല്കി.